ഇരുണ്ട സ്ഥലങ്ങളിലെ തിളക്കമുള്ള പാടുകള്‍
ഞാനും ഭര്‍ത്താവും കര്‍ണാടക സംസ്ഥാനത്തിന്റെ ഒരു ചെറിയ ദുര്‍ഘടമായ കോണില്‍ സഞ്ചരിക്കുമ്പോള്‍, പാറ നിറഞ്ഞ ഒരു വരണ്ട പ്രദേശത്ത് ഒരു സൂര്യകാന്തിപ്പൂവ് നില്ക്കുന്നതു ഞാന്‍ കണ്ടു. കള്ളിച്ചെടികളും മറ്റ് കളകളും വളര്‍ന്നു നിന്നതിനിടയിലായിരുന്നു അത്. വീട്ടുമുറ്റത്തു കാണുന്നതുപോലെ ഉയരമുള്ളതായിരുന്നില്ല ഈ സൂര്യകാന്തി, പക്ഷേ ഇത് തിളക്കമാര്‍ന്നതായിരുന്നു - എനിക്ക് സന്തോഷം തോന്നി.
പരുക്കന്‍ ഭൂപ്രദേശത്തെ ഈ അപ്രതീക്ഷിത ശോഭയുള്ള ഇടം, യേശുവിലുള്ള വിശ്വാസിക്ക് പോലും ജീവിതം എങ്ങനെ തരിശും സന്തോഷമില്ലാത്തുമായി കാണപ്പെടുമെന്ന് എന്നെ ഓര്‍മ്മപ്പെടുത്തി. കഷ്ടതകള്‍ മറികടക്കാനാവാത്തതായി അനുഭവപ്പെട്ടേക്കാം; ഒപ്പം 'യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു' എന്ന് സങ്കീര്‍ത്തനക്കാരനായ ദാവീദിന്റെ നിലവിളി പോലെ, നമ്മുടെ പ്രാര്‍ത്ഥനകള്‍ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം (സങ്കീര്‍ത്തനം 86:1). അവനെപ്പോലെ നാമും സന്തോഷത്തിനായി കൊതിക്കുന്നു (വാ. 4).
എന്നാല്‍ നാം വിശ്വസ്തനായ (വാ. 11), 'കരുണയും കൃപയും നിറഞ്ഞ'' (വാ. 15) ദൈവത്തെയാണ് സേവിക്കുന്നതെന്ന് ദാവീദ് പ്രഖ്യാപിക്കുന്നു., അവന് തന്നോട് 'അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവാകുന്നു' (വാ. 5). അവന് ഉത്തരം അരുളുന്നു (വാ. 7).
ചിലപ്പോള്‍ ഇരുണ്ട സ്ഥലങ്ങളില്‍, ദൈവം ഒരു സൂര്യകാന്തി അയയ്ക്കുന്നു - ഒരു സുഹൃത്തില്‍ നിന്നുള്ള പ്രോത്സാഹജനകമായ വാക്കോ കുറിപ്പോ; ആശ്വാസകരമായ ഒരു വാക്യം അല്ലെങ്കില്‍ ബൈബിള്‍ ഭാഗം; മനോഹരമായ സൂര്യോദയം - പ്രത്യാശയോടെ, ലഘുവായ ഒരു ചുവടുവെപ്പിലൂടെ മുന്നോട്ട് പോകാന്‍ ഇത് നമ്മളെ സഹായിക്കുന്നു. നമ്മുടെ പ്രയാസത്തില്‍ നിന്ന് ദൈവത്തിന്റെ വിടുതല്‍ അനുഭവിക്കുന്ന ദിവസത്തിനായി നാം കാത്തിരിക്കുമ്പോള്‍ത്തന്നെ, സങ്കീര്‍ത്തനക്കാരനോടൊപ്പം, ''നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു' (വാ. 10) നമുക്കും പ്രഖ്യാപിക്കാം.
ദൈവത്തോടൊപ്പം പ്രവര്‍ത്തിക്കുക
1962 ലെ മെക്സിക്കോ സന്ദര്‍ശന വേളയില്‍ ബില്‍ ആഷെ, ഒരു അനാഥാലയത്തിലെ കാറ്റാടിമില്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് പമ്പുകള്‍ നന്നാക്കാന്‍ സഹായിച്ചു. പതിനഞ്ചു വര്‍ഷത്തിനുശേഷം, ആവശ്യമുള്ള ഗ്രാമങ്ങള്‍ക്ക് ശുദ്ധജലം നല്കാന് സഹായിച്ചുകൊണ്ട് ദൈവത്തെ സേവിക്കുന്നതിനായി ബില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചു. അദ്ദേഹം പറഞ്ഞു, ''ദരിദ്ര ഗ്രാമീണര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കാനുള്ള ആഗ്രഹത്തോടെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി 'സമയം പരമാവധി പ്രയോജനപ്പെടുത്താന്‍' ദൈവം എന്നെ ഉണര്‍ത്തി.' പിന്നീട് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പാസ്റ്റര്‍മാരുടെയും സുവിശേഷകന്മാരുടെയും അഭ്യര്‍ത്ഥനകളിലൂടെ സുരക്ഷിതമായ വെള്ളത്തിന്റെ ആഗോള ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ ബില്‍, തന്റെ ശുശ്രൂഷാ പദ്ധതികളില്‍ പങ്കാളികളാകാന്‍ മറ്റുള്ളവരെയും ക്ഷണിച്ചു.
വിവിധ നിലകളില്‍ ജനങ്ങളെ സേവിക്കാന്‍ ദൈവത്തോടും മറ്റുള്ളവരോടും ഒന്നിച്ച് അണിനിരക്കാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. കൊരിന്ത് നിവാസികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉപദേഷ്ടാക്കളെ ചൊല്ലി കലഹിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് തന്റെ പങ്കിനെക്കുറിച്ചു പറഞ്ഞത്, താന്‍ ആത്മീയ വളര്‍ച്ചയ്ക്കായി ദൈവത്തെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്ന യേശുവിന്റെ ഒരു ദാസനും അപ്പല്ലോസിന്റെ കൂട്ടാളിയും ആണെന്നാണ് (1 കൊരിന്ത്യര്‍ 3:1-7). എല്ലാ പ്രവൃത്തികള്‍ക്കും ദൈവദത്തമായ ഒരു മൂല്യമുണ്ടെന്ന് അവന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 8). ദൈവത്തെ സേവിക്കുമ്പോള്‍ മറ്റുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന പദവിയെ വിലയേറിയതായി കണക്കാക്കിയ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്, ദൈവം നമ്മെ തന്റെ സ്നേഹത്തില്‍ രൂപാന്തരപ്പെടുത്തുമ്പോള്‍ നാം അന്യോന്യം പണിയുന്നവരായിരിക്കണം എന്നാണ് (വാ. 9).
തന്റെ മഹത്തായ പ്രവൃത്തികള്‍ നിറവേറ്റാന്‍ നമ്മുടെ ശക്തനായ പിതാവിന് നമ്മുടെ സഹായം ആവശ്യമില്ലെങ്കിലും, അവിടുന്ന് നമ്മെ സജ്ജരാക്കുകയും അവനുമായി പങ്കാളിയാകാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
വിശ്വസിക്ക മാത്രം
മുന്നൂറു കുട്ടികള്‍ വസ്ത്രം മാറി പ്രഭാതഭക്ഷണത്തിനായി ഇരുന്നു, ഭക്ഷണത്തിനായി നന്ദിപറഞ്ഞു പ്രാര്‍ത്ഥിച്ചു. പക്ഷേ ഭക്ഷണമില്ലായിരുന്നു! അനാഥാലയ ഡയറക്ടറും മിഷനറിയുമായ ജോര്‍ജ്ജ് മുള്ളറിന് (1805-1898) ഇതുപോലെയുള്ള സാഹചര്യങ്ങള്‍ അസാധാരണമായിരുന്നില്ല. ദൈവം എങ്ങനെ നല്‍കുമെന്നറിയാനുള്ള ഒരു അവസരമാണ് ഇവിടെ ലഭിച്ചത്. മുള്ളറുടെ പ്രാര്‍ത്ഥന കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍, തലേദിവസം രാത്രി ഉറങ്ങാന്‍ കഴിയാത്ത ഒരു ബേക്കറി ഉടമ വാതില്ക്കല് തല കാണിച്ചു. അനാഥാലയത്തിന് റൊട്ടി ആവശ്യമായിരിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം മൂന്ന് ബാച്ചു റൊട്ടികള്‍ ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ, പട്ടണത്തിലെ പാല്ക്കാരന് പ്രത്യക്ഷപ്പെട്ടു. അനാഥാലയത്തിന് മുന്നില്‍വെച്ച് അയാളുടെ പാല് വണ്ടി തകര്‍ന്നിരുന്നു. പാല് നശിച്ചുപോകുമെന്നു ഭയന്ന ആ മനുഷ്യന് അത് മുള്ളര്‍ക്ക് വാഗ്ദാനം ചെയ്തു.
നമ്മുടെ ക്ഷേമത്തിന് ആവശ്യമായ വിഭവങ്ങള്‍ - ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, സാമ്പത്തികം, സൗഹൃദങ്ങള്‍ - ഇല്ലാത്തപ്പോള്‍ ആകുലത, ഉത്കണ്ഠ, ആത്മനിന്ദ എന്നിവ അനുഭവിക്കുന്നത് സാധാരണമാണ്. ദരിദ്രയായ വിധവയെപ്പോലെ അപ്രതീക്ഷിത ഉറവിടങ്ങളിലൂടെ ദൈവത്തിന്റെ സഹായം ലഭിക്കുമെന്ന് 1 രാജാക്കന്മാര് 17:8-16 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ''ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല'' (വാ. 12). നേരത്തെ ഇത് ഏലിയാവിനായി നല്‍കിയിരുന്നത് കാക്കയായിരുന്നു (വാ. 4-6). നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആശങ്കകള്‍ പല ദിശകളിലേക്കും തിരയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ദാതാവ് എന്ന നിലയില്‍ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നമ്മെ സ്വതന്ത്രരാക്കും. സ്വയം പരിഹാരങ്ങള്‍ തേടുന്നതിനുമുമ്പ്, ആദ്യം അവനെ അന്വേഷിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. അങ്ങനെ ചെയ്യുന്നത് നമുക്ക് സമയവും ഊര്‍ജ്ജവും ലാഭിക്കാനും നിരാശപ്പെടുന്നത് ഒഴിവാക്കാനും സഹായിക്കും.
എതിരാളികളോ സഖ്യകക്ഷികളോ?
1947-ല്‍ സംഭവിച്ച വിഭജനം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്ക്കുന്നു, എങ്കിലും മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ വൈകുന്നേരവും സന്ധ്യാസമയത്ത് സകലര്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന നിലയില്‍ പതാക താഴ്ത്തുന്ന ചടങ്ങ് വാഗാ അതിര്‍ത്തിയില്‍ നടക്കാറുണ്ട്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ പരസ്പരം സല്യൂട്ടു ചെയ്തും സൗഹാര്‍ദ്ദപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതിന്റെ അടയാളമായി പരസ്പരം ഹസ്തദാനം നല്‍കിയുമാണ് ഗംഭീരവും ആഢംബരപൂര്‍ണ്ണവുമായ ഈ ദിനചര്യ അവസാനിക്കുന്നത്. വര്‍ഷങ്ങളായി നിരന്തരം സംഘര്‍ഷങ്ങളും മൂന്ന് പ്രധാന യുദ്ധങ്ങളും ഉണ്ടായിരുന്നിട്ടും, ഈ രണ്ട് രാജ്യങ്ങളിലെ ആളുകള്‍ അവരുടെ ദേശീയ അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരസ്പരം സൗഹാര്‍ദ്ദപരമായി അഭിമുഖീകരിക്കാനുള്ള അവസരമാണ് ഈ ദൈനംദിന ഇടപെടല്‍.
കൊരിന്തില്‍ വിശ്വാസികള്‍ അവരുടെ പ്രധാന വഴിയില്‍ ഒരു രേഖ വരച്ചിട്ടുണ്ടാകില്ല, പക്ഷേ അവര്‍ ഭിന്നിപ്പിലായിരുന്നു. യേശുവിനെക്കുറിച്ച് പഠിപ്പിച്ചവരോട് - പൗലൊസ്, അപ്പല്ലോസ്, കേഫാ (അല്ലെങ്കില്‍ പത്രൊസ്) - കൂറുപ്രഖ്യാപിച്ച് അവര്‍ പരസ്പരം കലഹിച്ചു, പൗലൊസ് എല്ലാവരേയും''ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുവാന്‍'' ആഹ്വാനം ചെയ്തു (1 കൊരിന്ത്യര്‍ 1:10). അവരുടെ ആത്മീയ നേതാക്കളല്ല ക്രിസ്തുവാണ് അവര്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് എന്നവന് അവരെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് നമ്മള് സമാനമായി പെരുമാറുന്നു, ഇല്ലേ? നമ്മുടെ ഏകീകൃതമായ പ്രധാന വിശ്വാസം - നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ ബലിമരണം - പങ്കിടുന്നവരെപ്പോലും നാം ചിലപ്പോള്‍ എതിര്‍ക്കുന്നു. അവരെ സഖ്യകക്ഷികളാക്കുന്നതിനു പകരം എതിരാളികളാക്കുന്നു. ക്രിസ്തു വിഭജിക്കപ്പെട്ടിട്ടില്ലാത്തതുപോലെ, അവിടുത്തെ ഭൗമിക പ്രതിനിധികളായ നാമും - അവന്റെ ശരീരം - നമ്മുടെ ഉപരിപ്ലവമായ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. പകരം, അവനില്‍ നമ്മുടെ ഏകത്വം നമുക്കാഘോഷിക്കാം.
തീയില്‍ ശുദ്ധീകരിച്ചത്
ഇരുപത്തിനാല് കാരറ്റ് സ്വര്‍ണം അല്പം മാലിന്യങ്ങളുള്ള നൂറു ശതമാനം സ്വര്‍ണ്ണമാണ്. എന്നാല്‍ ആ ശതമാനം നേടാന്‍ പ്രയാസമാണ്. ശുദ്ധീകരണ പ്രക്രിയയ്ക്കായി സാധാരണയായി രണ്ട് രീതികളില്‍ ഒന്ന് ഉപയോഗിക്കുന്നു. മില്ലര്‍ പ്രോസസ്സ് വേഗമേറിയതും ചെലവു കുറഞ്ഞതുമാണ്, പക്ഷേ തത്ഫലമായുണ്ടാകുന്ന സ്വര്‍ണം ഏകദേശം 99.95 ശതമാനം മാത്രമായിരിക്കും ശുദ്ധം. വോള്‍വില്‍ പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുക്കും, ചെലവും കൂടുതലാണ്, പക്ഷേ ഉല്പാദിപ്പിക്കുന്ന സ്വര്‍ണം 99.99 ശതമാനം ശുദ്ധമായിരിക്കും.
ബൈബിള്‍ കാലങ്ങളില്‍, ശുദ്ധീകരിക്കുന്നവര് അഗ്നിയെയാണ് സ്വര്‍ണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരുന്നത്. അഗ്നിയില്‍ മാലിന്യങ്ങള്‍ ഉപരിതലത്തില്‍ ഉയരുകയും എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് സാധിക്കുകയും ചെയ്തിരുന്നു. ഏഷ്യാമൈനറിലുടനീളം (വടക്കന്‍ തുര്‍ക്കി) പാര്‍ത്തിരുന്നു യേശുവിലുള്ള വിശ്വാസികള്‍ക്ക് എഴുതിയ ആദ്യ കത്തില്‍, ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പരിശോധനകള്‍ പ്രവര്‍ത്തിക്കുന്ന രീതിയുടെ ഒരു രൂപകമായി അപ്പൊസ്തലനായ പത്രൊസ് സ്വര്‍ണ്ണ ശുദ്ധീകരണ പ്രക്രിയയെ ഉപയോഗിച്ചു. അക്കാലത്ത്, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പല വിശ്വാസികളും റോമാക്കാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. അത് എന്താണെന്ന് പത്രൊസിന് നേരിട്ടറിയാമായിരുന്നു. എന്നാല്‍ പീഡനം 'നമ്മുടെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം' വെളിപ്പെടുത്തുന്നു എന്നു പത്രൊസ് വിശദീകരിക്കുന്നു (1 പത്രൊസ് 1:7).
ഒരുപക്ഷേ നിങ്ങള്‍ ഒരു ശുദ്ധീകരിക്കുന്നവന്റെ ചൂളയിലാണെന്ന് നിങ്ങള്‍ക്ക് തോന്നും - തിരിച്ചടികളുടെയും രോഗത്തിന്റെയും മറ്റ് വെല്ലുവിളികളുടെയും ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നാല്‍ പലപ്പോഴും നമ്മുടെ വിശ്വാസത്തിന്റെ പൊന്ന് ദൈവം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് പ്രയാസങ്ങള്‍. നമ്മുടെ വേദനയില്‍, പ്രക്രിയ വേഗത്തില്‍ അവസാനിപ്പിക്കാന്‍ നാം ദൈവത്തോട് അപേക്ഷിച്ചേക്കാം, പക്ഷേ ജീവിതം വേദനിപ്പിക്കുമ്പോഴും നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാം. രക്ഷകനുമായി ബന്ധപ്പെട്ടിരിക്കുകയും അവനില്‍ ആശ്വാസവും സമാധാനവും തേടിക്കൊണ്ടിരിക്കുകയും ചെയ്യുക.